SEARCH


Madayil Chamundi Theyyam - മടയിൽ ചാമുണ്ടി തെയ്യം

Madayil Chamundi Theyyam - മടയിൽ ചാമുണ്ടി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Madayil Chamundi Theyyam - മടയിൽ ചാമുണ്ടി തെയ്യം

വണ്ണാടില്‍ തറവാട്ടില്‍ മൂത്ത പൊതുവാൾ സഹായി കുരുവാടന്‍ നായര്‍ക്കൊപ്പം നായാട്ട് നടത്തുമ്പോൾ കുറച്ചകലെ കാട്ടാട് ഇറങ്ങിയ ശബ്ദം കേട്ട് വില്ലു കുലച്ചു തൊടുത്തു. വീണ ഇര ഏതെന്നു അറിയാൻ അവർ തിടുക്കത്തില്‍ ഉൾക്കാട്ടിലേക്കു ഓടി ചെന്നു. ഇരയെ കാണാതെ ഇരുവരും തളര്‍ന്നു ഇരിക്കുമ്പോള്‍ കാടിളക്കിയ ആരവമുയര്‍ന്നു, കൂടെ അമ്പേറ്റ മൃഗത്തിന്റെ അലര്‍ച്ചയും. രണ്ടുപേരും ഭയത്തോടെയും അതിശയത്തോടെയും മുന്നോട്ട് ചെന്നപ്പോൾ ഒരു വലിയ മടയ്ക്കു അകത്തു തിളങ്ങുന്ന കണ്ണുകളോട് കൂടിയ ഒരു ഘോര രൂപം പുറത്തിറങ്ങി. രണ്ടുപേരും ജീവനും കൊണ്ട് വനത്തിനു വെളിയിലേക്കു പാഞ്ഞു . അവര്‍ക്ക് പിന്നില്‍ വെള്ളോട്ടു ചിലമ്പ് കിലുക്കി, വെള്ളിയരമണികളുടെ ആരവമുതിര്‍ന്നു. അട്ടഹാസവും അലര്‍ച്ചയും അവരെ വേട്ടയാടി. പൊതുവാള്‍ ജീവനും കൊണ്ടോടി അഭയം പ്രാപിച്ചത് കാനക്കര ഭഗവതിയുടെ പള്ളിയറയിലേക്കാണ്. കാനക്കരയമ്മ ഇങ്ങനെ മൊഴിഞ്ഞു “അഭയം ഞാനേകിയ മൂത്തപൊതുവാള്‍ എനിക്കരുമയാണ്‌ കലിയടക്കി നീ മടങ്ങുവിന്‍”. കലിയടങ്ങാത്ത പാതാളഭൈരവി നായരെ കൂര്‍ത്ത നഖത്താല്‍ കുത്തിയെടുത്ത് കുടല്‍ പിളര്‍ന്നു രുധിരം കുടിച്ച് ചിലമ്പിട്ട കാലുകൊണ്ട്‌ ജഡം തട്ടിയെറിഞ്ഞു കലിയടക്കി. ശാന്തയായ ഭൈരവിയെ പൊതുവാള്‍ അരിയെറിഞ്ഞേതിരേറ്റ് പള്ളിപീഠം നല്‍കി പൂവും അന്തിതിരിയും കയ്യേറ്റ് ഇഷ്ട വരദായിനിയായ മടയില്‍ ചാമുണ്ഡിയായി കുടിയിരുത്തി. ആലന്തട്ട കാട്ടിലെ മടയില്‍ നിന്ന് ഉദയം ചെയ്തത് കൊണ്ടാണ് ദേവിയെ മടയില്‍ ചാമുണ്ഡി അഥവാ ആലന്തട്ട മടവാതില്‍ക്കാവില്‍ ഭഗവതി എന്നും പറയുന്നത്.

ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശ പാതാളങ്ങളില്‍ അവരെ പിന്തുടർന്ന് യുദ്ധം ചെയ്തിട്ടുണ്ടത്രേ. പാതാളത്തില്‍ പോയത് കൊണ്ടാണ് കാളിയെ ‘പാതാളമൂർത്തി’ അഥവാ ‘മടയില്‍ ചാമുണ്ഡി’ എന്നും വിളിക്കുന്നത്‌ മറ്റൊരു ഐതീഹ്യം.

ദേവി വധിച്ചത് പൊതുവാളെ ആയിരുന്നുവെന്ന ഒരു കഥാഭേദം കൂടി മടയിൽ ചാമുണ്ഡിക്കുണ്ട്.

തോറ്റം പാട്ട് പ്രകാരം മടയിൽ നിന്നും വന്ന ചാമുണ്ഡി ആലന്തട്ട മടവാതിൽക്കലും , തിമിരിഗോപുരത്തിലും കരിവെള്ളൂർ കൊട്ടൂരിലും പയ്യന്നൂർ വണ്ണാട് മീനക്കൊട്ടിലിലും ആരൂഡം ആയി ആരാധിക്കപ്പെടുന്നു. ആനമട ചാമുണ്ഡി,ബലിച്ചേരി ചാമുണ്ഡി,മേനച്ചൂർ ചാമുണ്ഡി, കരിമണൽ ചാമുണ്ഡി,മാമല ചാമുണ്ഡി എന്നീ പേരുകളിലും മടയിൽ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848